ജയസൂര്യയ്ക്കെതിരായ കേസ് ; ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും
Thursday, August 29, 2024 4:50 PM IST
തിരുവനന്തപുരം: ജയസൂര്യ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. 2008 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു.
ഇവിടെവച്ച് ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ ചിത്രീകരണത്തിൽ പങ്കെടുത്ത എല്ലാവരുടേയും മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തും.
അതേസമയം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ കന്റോൺമെന്റ് പോലീസ് അപേക്ഷ സമർപ്പിച്ചു. ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു.