സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്; "മുകേഷ്'ചര്‍ച്ചയാകും
Friday, August 30, 2024 8:36 AM IST
തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ പ്രതിയായ കൊല്ലം എംഎല്‍എ മുകേഷിന്റെ രാജിക്കായി സമ്മര്‍ദം ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. വിഷയം സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്തേക്കും. മുകേഷ് വിഷയത്തില്‍ സിപിഐ അടക്കമുള്ള ഘടകക്ഷി നിലപാടും ചര്‍ച്ചയാകും.
നേരത്തെ, ലൈംഗിക പീഡന പരാതിയില്‍ കേസ് എടുത്ത സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരായ എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരേയുള്ള ആരോപണം മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്നും സിപിഐ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. അനാവശ്യമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
അതേസമയം, എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മഹിളാ കോണ്‍ഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നിലവില്‍, കൊച്ചി സ്വദേശിയായ നടിയുടെ ലൈംഗിക പീഡനപരാതിയില്‍ മുകേഷിന്റെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരിക്കുകയാണ്. അടുത്ത മാസം മൂന്നുവരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.