കൊച്ചിയിലെ നടിയുടെ പരാതി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി
Friday, August 30, 2024 11:58 AM IST
തിരുവനന്തപുരം: നടനും സിപിഎം എംഎല്‍എയുമായ മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരേയുള്ള കൊച്ചിയിലെ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ബലാത്സംഗ പരാതി ഉന്നയിച്ചിട്ടുള്ള കേസുകളില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുക. സ്ത്രീത്വത്തെ അപമാനിച്ചു, അശ്ലീല സന്ദേശമയച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍മാര്‍ അന്വേഷിക്കും.
നടനും എംഎല്‍എയുമായ മുകേഷിനെതിരായ കേസില്‍ ചേര്‍ത്തല ഡിവൈഎസ്പി ബെന്നിക്ക് ആണ് അന്വേഷണച്ചുമതല. ലോയേഴ്സ് കോൺഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരായ കേസ് മുനമ്പം ഡിവൈഎസ്പി അന്വേഷിക്കും.
ഇടവേള ബാബുവിനെതിരായ കേസ് തൃക്കാക്കര അസി. കമ്മീഷണര്‍ അന്വേഷിക്കും. മറ്റ് കേസുകളിൽ ഇന്‍സ്പെക്ടര്‍മാരാണ് അന്വേഷണം നടത്തുക.
കേസിൽ നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കൊച്ചിയിലെ കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. രഹസ്യമൊഴിയുടെ പകര്‍പ്പുകൂടി കിട്ടിയ ശേഷമാണ് കേസിൽ പോലീസ് തുടര്‍നടപടികളിലേക്ക് നീങ്ങുക