കൗമാരക്കാരിയെ പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
Monday, September 2, 2024 4:42 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൗമാരക്കാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. അൽമോറ ജില്ലയിൽ 14കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ഭഗവത് സിംഗ് ബോറയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
ഓഗസ്റ്റ് 24 നാണ് സംഭവം നടന്നതെന്നും ഓഗസ്റ്റ് 30 നാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചതെന്നും പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും നടത്തി.
വിഷയത്തിൽ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ബിജെപി സർക്കാർ അവരുടെ നേതാക്കൾക്ക് "ലൈസൻസ്" നൽകിയെന്ന് ആരോപിച്ചു.
സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും സംസ്ഥാന ബിജെപി അധ്യക്ഷൻ ഭട്ട് പറഞ്ഞു.