അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Monday, September 2, 2024 6:50 PM IST
ആലപ്പുഴ: ചേര്‍ത്തലയില്‍ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്ത് രതീഷിന്റെ വീട്ടിലെ ശുചി മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം സ്വദേശിനി ആശ ഓഗസ്റ്റ് 31 നാണ് പ്രസവശേഷം വീട്ടിലെത്തിയത്. യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.
കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കറാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ചോദിച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. താനും സുഹൃത്ത് രതീഷും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി പോലീസിൽ മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചു മൂടിയിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്.
തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന തുണി പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നാളെയും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.
.