പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊന്ന് പിതാവ്; മൃതദേഹം വെട്ടിമുറിച്ചു
Tuesday, September 3, 2024 4:43 AM IST
ലക്നോ: പ്രണയബന്ധത്തിന്റെ പേരിൽ മകളെ വെട്ടികൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മോത്തിപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലക്ഷ്മൺപൂർ മതേഹി ഗ്രാമത്തിലാണ് സംഭവം.
17കാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവ് നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവമറിഞ്ഞ നയീം ഖാൻ, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകളുടെ കഴുത്ത് മുറിച്ചശേഷം തലയും കൈകളും കാലുകളും മുറിച്ചുമാറ്റി. ഇതേ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടായിരുന്നുവെന്നും മുമ്പ് രണ്ട് തവണ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മോത്തിപൂർ, നൻപാറ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയെന്നും പോലീസ് അറിയിച്ചു.
മകളുടെ പെരുമാറ്റം മറ്റ് കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുമെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നും നയീം ഖാൻ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.