പുഴുക്കുത്തുകൾ വച്ചുപൊറുപ്പിക്കില്ല; ഉപ്പ് തിന്നവർ വെള്ളം കുടിക്കും: മന്ത്രി റിയാസ്
Tuesday, September 3, 2024 12:46 PM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനുമെതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റ് ആരു ചെയ്താലും സംരക്ഷിക്കില്ലെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കിൽ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ല. പാർട്ടി സെക്രട്ടറി പറഞ്ഞതു പോലെ അതിനോട് സന്ധി ചെയ്യില്ല. പോലീസിനെതിരെ ഉയർന്നുവന്ന വിവാദത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ പോലീസ് സംവിധാനം മൊത്തം മോശമാണെന്നു പറയാൻ പറ്റില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എന്തായിരുന്നു പോലീസിന്റെ സ്ഥിതിയെന്ന് എല്ലാവർക്കും അറിയാം. ഇടതുപക്ഷ സർക്കാർ വരുന്നതിനു മുൻപ് വർഗീയ കലാപങ്ങളിൽ കക്ഷിചേരുന്നവരും പല പ്രവൃത്തികളിലും ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുമായിരുന്നു പോലീസെന്നും അദ്ദേഹം ആരോപിച്ചു.
2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. സംസ്ഥാനത്ത് വർഗീയ കലാപങ്ങളില്ലാതാക്കുന്നതിൽ പോലീസിന് നല്ല പങ്കുണ്ട്. എങ്കിലും പോലീസിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷ സർക്കാരിന്റേത്. അത്തരക്കാർക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്നും തെറ്റിനെ ശരിയായ നിലയിൽ വിലയിരുത്തി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.