പാക് മണ്ണിൽ പരമ്പര തൂത്തുവാരി; ടെസ്റ്റില്‍ പുതുചരിത്രംകുറിച്ച് ബംഗ്ലാ കടുവകൾ
Tuesday, September 3, 2024 3:30 PM IST
റാവല്‍പിണ്ടി: പാക്കിസ്ഥാനെതിരേ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രംകുറിച്ച് ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ഉജ്വല വിജയം നേടിയ ബംഗ്ലാ കടുവകൾ രണ്ടു മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.
ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിലെ ജയത്തോടെ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനെതിരേ ടെസ്റ്റ് വിജയമെന്ന നേട്ടം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരമ്പര നേട്ടം.
വിജയത്തിനായി വേണ്ടിയിരുന്ന 185 റൺസ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ മറികടന്നു. ഓപ്പണര്‍ സാക്കിര്‍ ഹസന് (40), ഷദ്മന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന് ഷാന്റോ (38), മൊമിനുല്‍ ഹഖ് (34) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷാക്കിബ് അല്‍ ഹസന് (21), മുഷ്ഫിഖുര്‍ റഹിം (22) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാന്റെ 274 റണ്‍സിനു മറുപടിയായി ബംഗ്ലാദേശ് 262 റൺസിനു പുറത്തായിരുന്നു. എന്നാൽ 12 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാക്കിസ്ഥാൻ വെറും 172 റണ്‍സിനു പുറത്തായി.
സല്മാന് ആഘ (47 നോട്ടൗട്ട്), മുഹമ്മദ് റിസ്വാന് (43), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (28) എന്നിവർക്ക് മാത്രമാണ് കാര്യമായ സംഭാവന നല്‍കാനായത്. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന് മഹ്മൂദും നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ നഹിദ് റാണയുമാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്.