മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു
Wednesday, September 4, 2024 4:53 AM IST
മുംബൈ: മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ പൂനെയിലെ ഹഡ്പ്സർ പ്രദേശത്താണ് സംഭവം.
ഞായറാഴ്ച രാത്രി വൈകി നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ലോൺ ഏജന്റായ വാസുദേവ് രാമചന്ദ്ര കുൽക്കർണി(47) ആണ് കൊല്ലപ്പെട്ടത്. മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ കുൽക്കർണിയെ സമീപിച്ചു.
എന്നാൽ ഇവർ അപരിചിതരായതിനാൽ അദ്ദേഹം ആവശ്യം നിരസിച്ചു. ഇതേതുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും യുവാക്കളിൽ ഒരാളെ കുൽക്കർണി മർദിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കുൽക്കർണിയെ ആക്രമിച്ചു.
ഗുരുതര പരിക്കേറ്റ കുൽക്കർണി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മയൂർ ഭോസാലെയെയും (19) മൂന്ന് പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.