രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി; ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പെന്ന് ഹൈക്കോടതി
Wednesday, September 4, 2024 5:27 PM IST
കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിൽ എടുത്ത കേസിലെ ജാമ്യാപേക്ഷയാണ് തീർപ്പാക്കിയത്.
കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിനെതിരേ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് കോടതി അറിയിച്ചു.
രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പ്രതിഷേധം ശക്തമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
പിന്നാലെ രഞ്ജിത്ത് ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ഒരു യുവാവും രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരം ചോദിച്ച് എത്തിയപ്പോൾ രഞ്ജിത്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് യുവാവിന്റെ വെളിപ്പെടുത്തൽ.