ആരോപണം ഉന്നയിച്ച് പുലിയായി വന്ന അൻവർ എലിയായി മാറി: എം.എം. ഹസൻ
Wednesday, September 4, 2024 6:28 PM IST
കൊച്ചി: എഡിജിപി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ച് പുലിയായി വന്ന പി.വി. അൻവർ എംഎൽഎ ഇപ്പോൾ എലിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ക്രിമിനൽ മാഫിയ സംഘങ്ങളെ വളർത്തുന്നതും സംരക്ഷിക്കുന്നതും പിണറായി വിജയനാണെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ഭരണത്തിൽ എം. ശിവശങ്കരൻ ആയിരുന്നുവെങ്കിൽ ഇപ്പോൾ പി. ശശിയും അജിത് കുമാറുമാണെന്ന വ്യത്യാസം മാത്രം. സിപിഐ പറഞ്ഞിട്ടും മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നില്ല. സിപിഐക്ക് ഇടതു മുന്നണിയിൽ പുല്ല് വിലയാണുള്ളതെന്നും ഹസൻ കുറ്റപ്പെടുത്തി.
വേട്ടക്കാരായ രഞ്ജിത്തിനേയും മുകേഷിനേയും സംരക്ഷിക്കുന്നതിനാണ് ഹേമ കമ്മറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവെച്ചത്. പട്ടിക്ക് പവിഴം കിട്ടിയത് പ്പോലെയാണ് സജി ചെറിയാന് സാംസ്ക്കാരിക വകുപ്പെന്നും അദ്ദഹം വിമർശിച്ചു.