യുക്രെയ്നില്‍ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ: ഏഴ് പേര് മരിച്ചു
Thursday, September 5, 2024 12:01 AM IST
കീവ്: യുക്രെയ്നില്‍ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ. പടിഞ്ഞാറന്‍ നഗരമായ ലിവീവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര് മരിച്ചു. 40 ലേറെ പേര്‍ക്ക് പരിക്കേറ്റു. 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായി. ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം.
കഴിഞ്ഞ ദിവസവും യുക്രെയ്നിൽ റഷ്യ ആക്രമണം നടത്തിയിരുന്നു. പോള്‍ട്ടാവയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 50 ലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായത്. 180 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റഷ്യന്‍ ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്കി നേരത്തെ രംഗത്തെത്തിയിരുന്നു. പോള്‍ട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലന്‍സ്കി ടെലിഗ്രാം വീഡിയോയിലൂടെ പറഞ്ഞത്. ഖാര്ക്കീവില് നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ആക്രമിക്കപ്പെട്ടത്.