തലസ്ഥാനം യുദ്ധക്കളം; അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലി പോലീസ്, പ്രതിഷേധക്കാർക്കൊപ്പം ചേർന്ന് സുധാകരൻ
Thursday, September 5, 2024 4:04 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പോലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും എം. ലിജുവുമുൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.
പിന്നീട്, അബിൻ വർക്കിയെ തല്ലിയ കന്റോൺമെന്റ് എസ്ഐ ആയ ഷിജുവിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരാൻ തീരുമാനിക്കുകയായിരുന്നു.
പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷത്തിന് അയവു വന്നതോടെ പ്രതിഷേധ സമരം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞു പോയി.
എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും പി. ശശിക്കെതിരേയും പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ച് നടത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാനധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല.
വിഷയത്തിൽ തൃശൂരിലും കോട്ടയത്തും പത്തനംതിട്ടയിലും യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.