തീവ്ര ന്യൂനമർദം വരുന്നു; അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
Friday, September 6, 2024 2:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്നു മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നും ശനിയാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തിങ്കളാഴ്ചയോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള മൂന്ന്- നാല് ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് മധ്യ ബംഗാൾ ഉൾക്കടലിന്റെയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങൾ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.