അയൽക്കാരുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി
Saturday, September 7, 2024 6:24 AM IST
ഇസ്ലാമാബാദ്: എല്ലാ അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പ്രതിരോധ-രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയാണ് ഷരീഫ് ഇക്കാര്യം പറഞ്ഞത്.
എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിന്റെ സാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല പുരോഗതിയും സമാധാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ സമാധാനമാണ് നമ്മുടെ ആദ്യ ആഗ്രഹം, അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സൈന്യത്തിലെ ഉന്നതരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സൈനികരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. സൈന്യവും പൊതുജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഇരുവർക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.