ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്
Saturday, September 7, 2024 7:10 AM IST
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ. കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി തുടർ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
2023 നവംബറിലാണ് ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പിന്നാലെ പോലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിനു ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.
ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പേരും റിമാൻഡിലായി. അനുപമയ്ക്ക് കോടതി ജാമ്യം നൽകിയിരുന്നു.