മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
Saturday, September 7, 2024 10:15 AM IST
കോഴിക്കോട്: വ്യവസായിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മുഹമ്മദ് ആട്ടൂർ(മാമി) തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
കേസിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകി. കേസ് സിബിഐക്ക് വിടണമെന്ന മലപ്പുറം എസ്പിയുടെ ശിപാർശയ്ക്ക് പിന്നാലെയാണ് നടപടി.
കേസന്വേഷിക്കുന്ന മലപ്പുറം എസ്പി എസ്. ശശിധരൻ കഴിഞ്ഞദിവസമാണ് സിബിഐ അന്വേഷണം സംബന്ധിച്ച ശിപാർശ ഡിജിപിക്ക് നൽകിയത്. മാമിയുടെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചാണ് ശിപാർശയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. എന്നാല്‍, എഡിജിപി എം.ആര്. അജിത് കുമാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വന്നതോടെ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റിൽ നിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ഇയാൾ എവിടേക്കാണ് പോയതെന്ന് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.