ആർഎസ്എസുമായി ബന്ധം സതീശന്; പുനർജനി കേസിൽ അന്വേഷണം വന്നാൽ കുടുങ്ങും: അൻവർ
Saturday, September 7, 2024 11:43 AM IST
തിരുവനന്തപുരം: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചത് തനിക്ക് നേരത്തെ വിവരം ലഭിച്ചതിനാലാണെന്ന് പി.വി. അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. താൻ ഈ വിവരം വെളിപ്പെടുത്താൻ പോകുന്നത് പേടിച്ചാണ് കാര്യങ്ങൾ മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചതെന്നും അൻവർ പറഞ്ഞു.
സ്പെഷൽ ബ്രാഞ്ച് അന്വേക്ഷിച്ച് റിപ്പോർട്ട് നൽകിയപ്പോളാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. പ്രതിപക്ഷ നേതാവ് എപ്പോഴാണ് ഈ കൂടിക്കാഴ്ചയുടെ വിവരം പറഞ്ഞത്. 22 ന് രാവിലെ 11.30 ന് അടിയന്തര പത്ര സമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അജിത് കുമാർ പിണറായി വിജയന്റെ ദൂതനായി ആർഎസ്എസ് നേതാവിനെ കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. തൃശൂർ പൂരം കലക്കി ബിജെപിക്ക് സീറ്റ് നേടിക്കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്താണ് പ്രതിപക്ഷ നേതാവിന്റെ അടിയന്തര പത്രസമ്മേളനത്തിന്റെ കാരണം. ഈ വിവരം വെളിപ്പെടുത്താൻ അദ്ദേഹം നിർബന്ധിതനാകുന്നതിന് തൊട്ടുമുമ്പ് ഈ വിവരം തനിക്ക് ലഭിച്ചിരുന്നു. തനിക്ക് ഈ വിവരം ലഭിച്ചത് അജിത് കുമാറിന്റെ സൈബർ സംഘം അറിഞ്ഞു.
അപ്പോഴാണ് ഈ അടിയന്തര പത്രസമ്മേളനം നടത്താൻ പ്രതിപക്ഷ നേതാവും അജിത് കുമാറും തമ്മിൽ ഗൂഢാലോചന നടത്തിയത്. പുനർജനി കേസിൽ ഇഡി അന്വേഷണം വന്നാൽ പ്രതിപക്ഷ നേതാവ് കുടുങ്ങും എന്ന് എല്ലാവർക്കും അറിയാം.
പ്രതിപക്ഷ നേതാവിന് പുനർജനി കേസിൽനിന്ന് രക്ഷപ്പെടണം. ഈ കേസ് കേരള പോലീസിന് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. വിദേശ ഏജൻസികൾ അന്വേഷിക്കേണ്ട കേസാണ് ഇത്. വിദേശത്തുനിന്ന് പണം വന്ന കേസാണ് ഇത്.
ആ കേസിൽ സഹായിക്കാം എന്ന ധാരണ നേരത്തെ ഉണ്ട്. താൻ ഇഡി അന്വേഷണത്തിന് തയാറാണെന്ന് അദ്ദേഹം പറയട്ടെ. പണം തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ സതീശൻ ഇഡിക്ക് എഴുതി നൽകട്ടെ.
പിണറായിയുടെ മേലിൽ ആർഎസ്എസിനെ ചാർത്തുന്ന പ്രതിപക്ഷ നേതാവിനെ താൻ വെല്ലുവിളിക്കുകയാണെന്നും അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസുമായും എഡിജിപി അജിത് കുമാറുമുയും ബന്ധമുണ്ട്. എൽഡിഎഫിനെതിരേ ഒരുപാട് പണികൾ അവർ നടത്തിയിട്ടുണ്ടെന്നും അൻവർ പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തിക്കുന്നത് ആർഎസ്എസിന്റെ സഹായത്തോടെ ആണെന്ന് താൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
തൃശൂരിലെ വോട്ട് പരിശോധിച്ചാൽ അറിയാം. ഇടതുപക്ഷത്തിന് അവിടെ വോട്ട് കുറഞ്ഞിട്ടില്ല. വോട്ട് പൂർണമായും നഷ്ടപ്പെട്ടത് കോൺഗ്രസിനാണ്. അതിന് കണക്കുണ്ടെന്നും അൻവർ വ്യക്തമാക്കി.