ദത്താത്രേയ ഹൊസബല-എഡിജിപി കൂടിക്കാഴ്ച; ഗോവിന്ദൻ പറഞ്ഞ നിലപാടാണ് പാർട്ടിക്കുമെന്ന് എം.എ. ബേബി
Saturday, September 7, 2024 2:34 PM IST
ന്യൂഡല്‍ഹി: ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസ്താന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞ അഭിപ്രായമാണ് പാർട്ടിക്കുമുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഗൂഢാലോചനകള്‍ പുറത്തുവരട്ടെയെന്നും ബേബി പറഞ്ഞു.
സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല. ഡീല്‍ ഉണ്ടെന്ന മട്ടില്‍ വി.ഡി. സതീശനാണ് സംസാരിച്ചത്. സതീശന് തന്റെ സുഹൃത്താണ്. അതുകൊണ്ട് കൂടുതല്‍ ഒന്നും സംസാരിക്കാനില്ല.
പൂരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാവും. ഇതുമായി ബന്ധപ്പെട്ട അനിഷ്ട സംഭങ്ങള്‍ അന്വേഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് കൂടി. ഇക്കാര്യം പരിശോധിച്ചാല്‍ മനസിലാവും. കോണ്‍ഗ്രസിനാണ് വോട്ട് കുറഞ്ഞത്. പണ്ട് തലശേരിയില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസിന്റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇഎംഎസ് തന്നെ പറഞ്ഞതാണെന്നും എം.എ. ബേബി വ്യക്തമാക്കി.