കെസിഎൽ: കൊച്ചി ബ്ലൂ ടൈഗേഴ്സിന് ജയം
Saturday, September 7, 2024 9:48 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ജയം. തോൽവിയറിയാതെ മുന്നേറിയ കൊല്ലം സെയ്ലേഴ്സിനെ 18 റണ്‍സിന് തകർത്താണ് ടൈഗേഴ് വിജയക്കൊടി പാറിച്ചത്.
സ്കോർ: കൊച്ചി 147/9 കൊല്ലം 129/10(18.1). ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബ്ലൂ ടൈഗേഴ്സ് ആനന്ദ് കൃഷ്ണന് (34 പന്തില്‍ 54), ജോബിന് ജോബി (50 പന്തില്‍ 51) എന്നിവരുടെ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. കെ.എം.ആസിഫ് നാല് വിക്കറ്റ് വീഴ്ത്തി.
148 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് 14 റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്സ്മാന്മാരെ നഷ്ടമായി. അഭിഷേക് നായര്‍ (രണ്ട്), അരുണ്‍ പൗലോസ്(രണ്ട്), ക്യാപ്റ്റന്‍ സച്ചിന് ബേബി (രണ്ട്), എ.കെ. അര്ജുന് (മൂന്ന്) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
ഏഴാമനായി ഇറങ്ങിയ ഷറഫുദ്ദീന് 24 പന്തില്‍ നിന്ന് അഞ്ചു സിക്സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സ് നേടി ടോപ് സ്കോററായി. ക്യാപ്റ്റന്‍ ബേസില്‍ തമ്പി ബ്ലൂ ടൈഗേഴ്സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്ലൂ ടൈഗേഴ്സിന്റെ ആനന്ദ് കൃഷ്ണനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.