എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല: എം.വി. ഗോവിന്ദൻ
Sunday, September 8, 2024 11:40 AM IST
കാസർഗോഡ്: എഡിജിപി എം.ആർ. അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പോലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പി.വി. അൻവറിന്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല.
സിപിഎമ്മിന്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.