തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം; സെൻട്രൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ചർച്ച ആരംഭിച്ചു
Sunday, September 8, 2024 1:28 PM IST
തിരുവനന്തപുരം: വിമാത്താവളത്തിലെ ജീവനക്കാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി നേതാക്കളുമായി ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചു. അദാനി മാനേജ്മെന്റും തൊഴിലാളി നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
സെൻട്രൽ ലേബർ കമ്മീഷൻ മുൻകൈ എടുത്താണ് ചർച്ച നടത്തുന്നത്. ജീവനക്കാരുടെ സമരത്തെതുടർന്ന് വിമാനങ്ങൾ വൈകുന്നതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു. കാർഗോ നീക്കത്തിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്. 20 ടൺ ഭക്ഷ്യവസ്തുക്കളാണ് വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നത്. എയർ ഇന്ത്യാ കമ്പനി ജീവനക്കാർ കൈകാര്യംചെയ്യുന്ന സർവീസുകൾക്കാണ് പ്രതിസന്ധി നേരിടുന്നത്.
എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം. ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.