എൻസിപിയിലെ മന്ത്രിമാറ്റം; തോമസ് കെ.തോമസ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
Sunday, September 8, 2024 4:50 PM IST
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെ തോമസ് കെ.തോമസ് എംഎൽഎ മുഖ്യമന്ത്രിയെ കണ്ടു. എൻസിപിയിൽ തന്നെ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി തോമസ് കെ. തോമസിനോട് നിർദ്ദേശിച്ചു.
ഒന്നാം പിണറായി സർക്കാരിലും മന്ത്രിയായിരുന്ന ശശീന്ദ്രൻ മാറി നിൽക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉൾപ്പടെയുള്ളവരുടെ ആവശ്യം. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്നാണ് എ.കെ.ശശീന്ദ്രന്റെ നിലപാട്.
ഇതിനിടയാണ് പിന്തുണ തേടി തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടത്. പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ ഇടപെടേണ്ട എന്ന നിലപാടിലാണ് പിണറായി വിജയൻ. എന്നാൽ പിണറായി വിജയന്റെ പിന്തുണ ശശീന്ദ്രനൊപ്പമാണെന്നാണ് അദ്ദേഹത്തിന് ഒപ്പമുള്ളവരുടെ വാദം.