എഡിജിപി കുറ്റക്കാരനാണെങ്കില്‍ സ്ഥാനമാറ്റം മാത്രം പോര: കടുത്ത നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍
Monday, September 9, 2024 9:25 AM IST
തിരുവനന്തപുരം:എഡിജിപി എം.ആര്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ കടുത്ത നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടു. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നത് പുറത്തുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂര്‍പൂരം കലക്കിയതിന്റെ ഗൂഢാലോചനയിലും സത്യം പുറത്തുവരണം. എല്ലാ വസ്തുതകളും അന്വേഷണത്തില്‍ തെളിയണം. വിഷയത്തില്‍ എഡിജിപി കുറ്റക്കാരനാണെങ്കില്‍ സ്ഥാനമാറ്റം മാത്രം പോരെന്നും നിയമനടപടി വേണമെന്നും രാമകൃഷ്ണന് വ്യക്തമാക്കി.
പ്രതികരണങ്ങള്‍ ഇങ്ങനെ വേണോയെന്ന് പി.വി.അന്‍വര്‍ എംഎല്‍എ തന്നെ പരിശോധിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അന്‍വര്‍ സ്വതന്ത്ര എംഎല്‍എ ആണെന്നും അദ്ദേഹത്തെ അങ്ങനെ നിയന്ത്രിക്കാന്‍ ആകില്ലെന്നും രാമകൃഷ്ണന് ചൂണ്ടിക്കാട്ടി.
നേരത്തെ, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയുമായും ആര്‍എസ്എസ് നേതാവ് രാം മാധവുമാമായും അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച തങ്ങളുടെ പ്രശ്നമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട്.
പോലീസിനെതിരായ പരാതി അറിയിക്കാന്‍ വാട്സ്ആപ്പ് നമ്പര്‍ വെച്ച അന്‍വറിന്റെ പ്രവൃത്തിയില്‍ തെറ്റില്ലെന്നും ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.