തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായി: രാഹുല്‍ ഗാന്ധി
Monday, September 9, 2024 1:35 PM IST
ടെക്സസ്: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് രാഹുല്‍ ഗാന്ധിയുടെയോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലെന്നും ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാഹുല്‍ ടെക്സസിലെ ഡാളസിൽ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഓണം, ഗണേശ ചതുർഥി ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്.
ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തുരങ്കം വയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ ഇന്ത്യയിലെ ജനങ്ങൾ നിലകൊണ്ടുവെന്നും അവരുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ പറഞ്ഞു.
സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നു. ആര്‍എസ്എസിന്റെ ആശയത്തില്‍ ഇന്ത്യ എന്നത് ഒറ്റ ആശയമാണ്, എന്നാല്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണം.
ഇതാണ് പോരാട്ടം, പ്രധാനമന്ത്രി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ വ്യക്തമായി മനസിലാക്കിയപ്പോൾ തെരഞ്ഞെടുപ്പിൽ പോരാട്ടം വ്യക്തമായി. തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയ്ക്ക് ഊന്നല്‍ നല്‍കിയെന്നും ഈ ആശയം ജനങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.