രാമേശ്വരം കഫേ സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു: രണ്ടു പേർക്ക് ഐഎസ് ബന്ധം
Monday, September 9, 2024 5:43 PM IST
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മുസവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ബംഗളൂരുവിലെ ബിജെപി ഓഫീസ് ബോംബുവച്ച് തകർക്കാൻ പ്രതികൾ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
അന്ന് കൃത്യം നടത്താനാകാതെ പ്രതികൾ മടങ്ങി. പിന്നീടാണ് ബ്രൂക്സ് ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. പ്രതികളിൽ രണ്ട് പേർ ഐഎസുമായി ബന്ധമുള്ളവരാണ്.
ഒന്നാം പ്രതി മുസ്സവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ ബോംബ് സ്ഥാപിച്ചത്. 202ൽ അൽ ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്റെ അറസ്റ്റിന് ശേഷം അബ്ദുൾ മത്തീൻ താഹയോടൊപ്പം ഒളിവിൽ പോയ ആളാണ് ഷാസിബെന്ന് കുറ്റപത്രത്തിൽ പറയുന്നു.