ബാറ്റിംഗിലും ബൗളിംഗിലും ബാസിത്; ട്രിവാന്‍ഡ്രം റോയല്‍സിന് ജയം
Monday, September 9, 2024 7:44 PM IST
തിരുവനന്തപുരം : അബ്ദുൾ ബാസിത്തിന്റെ ഓള്‍റൗണ്ട് മികവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തിരുവനന്തപുരം റോയല്‍സിന് തകർപ്പൻ വിജയം. സ്കോര്‍: കൊച്ചി: 131/10 ട്രിവാന്‍ഡ്രം : 135/5.(19.5)
ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറില്‍ 131 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ തിരുവനന്തപുരം റോയല്‍സ് 19.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
കൊച്ചിയുടെ മൂന്നുപേരെ പുറത്താക്കുകയും മറുപടി ബാറ്റിംഗിൽ പുറത്താവാതെ അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്ത അബ്ദുള്‍ ബാസിതിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ബാസിതിന്റെ മൂന്നുവിക്കറ്റ് നേട്ടം. 32 പന്തില്‍ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സും നേടി. നാലോവറില്‍ 16 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തിയ വിനോജ് കുമാറും തിരുവനന്തപുരത്തിനായി തിളങ്ങി.