മൂന്ന് വയസുകാരന്റെ മൃതദേഹം അടുത്ത വീട്ടിലെ വാഷിംഗ് മെഷീനിൽ; ഒരാൾ അറസ്റ്റിൽ
Monday, September 9, 2024 11:21 PM IST
തിരുനെൽവേലി : മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ കുട്ടിയെ അങ്കണവാടിയിൽ വിടാൻ അമ്മ രമ്യ തയാറെടുക്കുന്നതിനിടെ മൂന്ന് വയസുകാരനെ കാണാതാവുകയായിരുന്നു. തുടർന്ന് അച്ഛൻ വിഘ്നേഷിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് രാധാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അയൽവാസി തങ്കമ്മാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വാഷിംഗ് മെഷീനിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂന്നു വയസുകാരന്റെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.