ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുള്ള സ്പീക്കറുടെ പരാമര്‍ശം ശരിയായില്ല: ബിനോയ് വിശ്വം
Tuesday, September 10, 2024 12:04 PM IST
തിരുവനന്തപുരം: ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ പരാമര്‍ശം ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗാന്ധിവധത്തില്‍ നിരോധിക്കപ്പെട്ട സംഘടനയ്ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ഷംസീറിന്റെ പരാമർശം ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കും. അത് ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി എം.ആര്.അജിത് കുമാർ ഊഴം വച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫില്‍ പറയേണ്ടത് മുന്നണി യോഗത്തില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു പരാമർശം.
ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അവരുടെ നേതാക്കളെ വ്യക്തിപരമായി കണ്ടത് ഗൗരവമായി കാണേണ്ടതില്ല. സുഹൃത്ത് കൂട്ടിക്കൊണ്ടുപോയതാണെന്ന് എഡിജിപി തന്നെ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തനിക്ക് വലിയ അപാകതയൊന്നും തോന്നുന്നില്ലെന്നും ഷംസീർ പ്രതികരിച്ചിരുന്നു.