കേരള സർക്കാർ നിലനില്‍ക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: കെ. സുധാകരന്
Tuesday, September 10, 2024 2:19 PM IST
കൊച്ചി: സംസ്ഥാന സർക്കാർ നിലനിന്നു പോകുന്നത് ബിജെപിയുടെ ഔദാര്യത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയനെതിരേ നിരവധി കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്, എന്നാൽ കേന്ദ്രസർക്കാർ മുഖ്യമന്ത്രിയെ സംരക്ഷിച്ചു നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്റെ പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നു. അതും സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് അന്വേഷിക്കുകയാണെന്നും അങ്ങനെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സുധാകരൻ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ പലരും സിപിഎം ബന്ധമുള്ളവരാണ്. അവരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടു പോയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.