ഹേമ കമ്മിറ്റി റിപ്പോർട്ട്: പിണറായി സർക്കാര് സ്ത്രീകളോട് മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ
Tuesday, September 10, 2024 3:50 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു വിടാനുള്ള കോടതിയുടെ തീരുമാനം പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രൻ.
നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തിപ്പൊരിക്കുകയാണുണ്ടായത്. ഇതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണം. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വേട്ടക്കാരോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിണറായി വിജയനും സംഘവും ചെയ്തത്. സിപിഎമ്മിന്റെ സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ പറഞ്ഞു.