മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ആർഎസ്എസിനോട് വിട്ടുവീഴ്ചയില്ല
Tuesday, September 10, 2024 7:24 PM IST
തിരുവനന്തപുരം: ആര്‍എസ്എസിനോട് സിപിഎം മൃതുസമീപനം സ്വീകരിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പണറായി വിജയൻ. കേരളത്തിൽ ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്ടമായത് സിപിഎം പ്രവർത്തകർക്കാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ബാബ്റി മസ്ജിദ്, തലശേരി കലാപം, കെപിസിസി പ്രസിഡന്റ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പറഞ്ഞതുമടക്കം ഓർമ്മിപ്പിച്ചാണ് വിവാദ വിഷയത്തിലെ പ്രതികരണം. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്.
ആർഎസ്എസുകാരൻ കാവൽ നിൽക്കുന്നത് മനസിലാക്കാം. എന്നാലിത് കോൺഗ്രസ് നേതാവാണെന്നത് എന്താ സൗകര്യപൂർവം മറയ്ക്കുന്നത് എന്ന് ഒരു ദിനപ്പത്രത്തിന്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമർശിച്ചു.
ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണ് എന്ന് ഓർക്കണം. രാജീവ് ഗാന്ധിയെ ആർഎസ്എസ് നേതാവ് രണ്ടാം കർസേവകൻ എന്ന് വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.