വീട്ടുവാടകയുമായി ബന്ധപ്പെട്ട തർക്കം: വയോധികനെ മർദിച്ച പ്രതികൾ അറസ്റ്റിൽ
Wednesday, September 11, 2024 5:14 AM IST
തിരുവനന്തപുരം: ഞായറാഴ്ച പുലർച്ചെ വീട്ടുവാടകയുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദിച്ച പ്രതികൾ അറസ്റ്റിൽ. കോട്ടുകാൽ പുലിയൂർക്കോണം സ്വദേശി പീലി ബിനു എന്ന ബിനു(41) ഇയാളുടെ സുഹൃത്തും പയറ്റുവിള തെങ്ങുവിള സ്വദേശിയുമായ ഷിജു(37) എന്നിവരാണ് അറസ്റ്റിലായത്.
കാപ്പകേസ് പ്രതിയാണ് വീട്ടുടമ ബിനു. മദ്യപിച്ചെത്തിയ ഇയാൾ വാടകക്കാരനായ വിജയനോട്(63) ദിവസ വാടക ആവശ്യപ്പെടുകയായിരുന്നു. ദിവസവാടക നൽകാൻ വിസമതിച്ച വയോധികനെ തടിക്കഷണം ഉപയോഗിച്ച് തലയിലും മൂക്കിലും ബിനുവും സുഹൃത്തും ചേർന്ന് മർദിച്ചു.
വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ മാരായ വിനോദ് കുമാർ, ജോൺ വിക്ടർ, സിപിഒമാരായ അരുൺ.പി.മണി, അജു, അലക്സ്ബെൻ, ഹോംഗാർഡ് സുനിൽകുമാർ എന്നിവരെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.