അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ വൈകിയേക്കും; കാലാവസ്ഥ വീണ്ടും പ്രതികൂലം
Wednesday, September 11, 2024 6:49 AM IST
ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ വൈകിയേക്കും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ദൗത്യം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശ ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഈ സാഹചര്യത്തിൽ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം. ഗോവൻ തീരത്ത് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഡ്രഡ്ജർ എത്തിക്കാൻ സാധിക്കില്ല.
കാറ്റ് അനുകൂലമല്ലാത്തതിനാൽ ടഗ് ബോട്ടിന്റെ യാത്ര ദുഷ്കരമാക്കാനും സാധ്യതയുണ്ട്. ഇന്ന് ഡ്രഡ്ജർ ഗോവയിൽനിന്ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഡ്രഡ്ജർ എത്തിക്കാൻ 30-40 മണിക്കൂർ സമയം എടുക്കും. അങ്ങനെയെങ്കിൽ ബുധനാഴ്ച ഡ്രഡ്ജർ പുറപ്പെട്ട് വെള്ളിയാഴ്ചയോടെ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് നിലവിൽ വീണ്ടും ദൗത്യം പ്രതിസന്ധിയിലായത്.