കടംവാങ്ങിയ അരലക്ഷം കളഞ്ഞുപോയി, പിന്നാലെ വിഷ്ണുജിത്ത് നാടുവിട്ടെന്ന് പോലീസ്
Wednesday, September 11, 2024 12:56 PM IST
മലപ്പുറം: പ്രതിശ്രുത വരന് നാടുവിടാന്‍ കാരണം സാമ്പത്തിക പ്രയാസമെന്ന് പോലീസ്. വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടംവാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞുപോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപ്പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടത്.
മനപ്രയാസത്തിൽ പല ബസുകൾ കയറിയിറങ്ങി ഊട്ടിയിലെത്തി. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഈ കോൾ പിന്തുടർന്നാണ് പോലീസ് വിഷ്ണുജിത്തിലേക്ക് എത്തിയത്.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്.
പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു.
അതേസമയം നിയമപരമായ നടപടികള്‍ കഴിയട്ടെയെന്നും വിഷ്ണുവിനെ സമ്മര്ദത്തിലാക്കേണ്ടെന്നുമാണ് കുടുംബം പറയുന്നത്. വിവാഹക്കാര്യങ്ങള്‍ അതിനുശേഷമായിരിക്കും തീരുമാനിക്കുക.