അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; അന്വേഷണം പൂർത്തിയാകുംവരെ നടപടിയില്ലെന്ന് പിണറായി
Wednesday, September 11, 2024 5:12 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി. അന്വേഷണം പൂർത്തിയാകുംവരെ എഡിജിപിക്ക് എതിരേ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
വിഷയം അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ഇന്ന് എകെജി സെന്ററിൽ ചേർന്ന നിർണായക എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
അജിത് കുമാറിനെതിരേ ശക്തമായ നടപടി വേണമെന്ന് സിപിഐയും ആർജെഡിയും അടക്കമുള്ള ഘടകക്ഷികൾ യോഗത്തിൽ നിലപാട് എടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നതാണ് അജിത് കുമാറിന് തൽക്കാലത്തേക്ക് ആശ്വാസമായത്.
യോഗത്തിലെ തീരുമാനം എൽഡിഎഫ് കൺവീനർ പത്രസമ്മേളനത്തിൽ അറിയിക്കുമെന്നാണ് യോഗത്തിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.