ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി; വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി
Wednesday, September 11, 2024 9:32 PM IST
കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൻ മരണത്തിന് കീഴടങ്ങി. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെൻസണും പ്രതിശ്രുത വധു ശ്രുതിക്കും പരിക്കേറ്റിരുന്നു.
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ കണ്ണീരുണങ്ങുംമുമ്പേയാണ് ശ്രുതിയെ തേടി റോഡപകടത്തിന്റെ രൂപത്തിൽ വീണ്ടും ദുരന്തമെത്തിയത്.
ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാൻ വെട്ടിപൊളിച്ചാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെൻസണെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു.
ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹം ഡിസംബറിൽ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച് നാലര ലക്ഷം രൂപയും 15 പവനും മാസങ്ങൾക്ക് മുൻപ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമർന്നു.
ദുരന്തം തനിച്ചാക്കിയ ശ്രുതിക്ക് താങ്ങേകി ഒപ്പമുണ്ടായിരുന്നത് ജെൻസണായിരുന്നു. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം ജെൻസന്റെ ജീവനെടുത്തത്.