ഓണം സ്പെഷൽ: മൂന്നു ട്രെയിനുകൾ കൂടി
Thursday, September 12, 2024 12:38 PM IST
കൊല്ലം: ഓണത്തിരക്ക് ഒഴിവാക്കാൻ മലയാളികൾക്ക് ആശ്വാസമായി മൂന്ന് സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് ബംഗളുരു വഴി കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, സെക്കന്ദരാബാദ്- കൊല്ലം, കച്ചേഗുഡ - കൊല്ലം എന്നീ റൂട്ടുകളിലാണ് സർവീസ്. ഇരു ദിശകളിലുമായി ഓരോ വണ്ടികൾ മാത്രമാണ് ഓടിക്കുക.
ഹുബ്ബള്ളി - കൊച്ചുവേളി (07333) സർവീസ് നാളെ രാവിലെ 6.55 ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി-ഹുബ്ബള്ളി (07334) സ്പെഷൽ 14ന് ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽ നിന്ന് തിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ഹുബ്ബള്ളിയിൽ എത്തും.ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
സെക്കന്ദരാബാദ്-കൊല്ലം എക്സ്പ്രസ് സ്പെഷൽ (07119) സെക്കന്ദരാബാദിൽ നിന്ന് നാളെ രാവിലെ 5.30 ന് പുറപ്പെട്ട് നാളെ രാത്രി 11.20ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് 07120 കൊല്ലത്ത് നിന്ന് 15-ന് പുലർച്ചെ 2.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30 ന് സെക്കന്ദരാബാദിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 07044 കച്ചേഗുഡ -കൊല്ലം സർവീസ് 14ന് വൈകുന്നേരം നാലിന് കച്ചേഗുഡയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് (07045) 16ന് പുലർച്ചെ 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30 ന് കച്ചേഗുഡയിൽ എത്തും. 19 കോച്ചുകൾ ഉണ്ടാകും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.