എഡിജിപി പോലീസ് ആസ്ഥാനത്ത്; ഡിജിപിയുടെ സാന്നിധ്യത്തിൽ മൊഴിയെടുപ്പ്
Thursday, September 12, 2024 12:47 PM IST
തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ ആരോപണങ്ങളില്‍ മൊഴി നല്കാന് എഡിജിപി എം.ആര്. അജിത്കുമാര്‍ പോലീസ് ആസ്ഥാനത്തെത്തി. സംസ്ഥാന പോലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്പി മധുസൂദനൻ എന്നിവരും സ്ഥലത്തുണ്ട്.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.
ആദ്യം ഐജി സ്പർജൻ കുമാർ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്കെതിരായ അന്വേഷണത്തിൽ തന്നേക്കാൾ ജൂണിയറായ ഐജി സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും എഡിജിപി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, എഡിജിപിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി.
അഞ്ച് കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ഡിജിപിയുടെ ശിപാര്‍ശ.അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ കെട്ടിടനിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ശിപാര്‍ശ നല്‍കിയത്. ഡിജിപിയുടെ ശിപാർശ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും.
സാന്പത്തിക ആരോപണങ്ങളായതിനാൽ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു. പി.വി.അൻവർ എംഎൽഎയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയത്. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.