പ്രിയ ജെൻസണ് വിട..! അന്ത്യചുംബനം നൽകി യാത്രയാക്കി ശ്രുതി; ഹൃദയഭേദകം
Thursday, September 12, 2024 2:35 PM IST
കൽപറ്റ: അകാലത്തിൽ യാത്രയായ പ്രതിശ്രുത വരൻ ജെൻസണ് അന്ത്യചുംബനം നല്കി ശ്രുതി. മൃതദേഹം ആശുപത്രിയിലെത്തിച്ചാണ് ശ്രുതിയെ കാണിച്ചത്. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വച്ചത്. ഉറ്റവർക്കു പിന്നാലെ ഏകതുണയായിരുന്ന ജെൻസണെയും നഷ്ടമായ ശ്രുതിയെ ആശ്വസിപ്പിക്കാൻ ചുറ്റുമുണ്ടായിരുന്നവർ വിഷമിക്കുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു.
തുടർന്ന് അമ്പലവയൽ ആണ്ടൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് ജെൻസനെ അവസാനമായൊന്ന് കാണാൻ വീട്ടിലേക്കെത്തുന്നത്. വൈകുന്നേരം മൂന്നിന് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
കൽപറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ജെൻസൺ ചൊവ്വാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് ഉറ്റബന്ധുക്കളെ നഷ്ടമായ ശ്രുതിക്ക് തണലായി നിന്നത് ജെൻസണായിരുന്നു. അടുത്ത മാസം ഇവരുടെ വിവാഹം നടക്കാനിരിക്കേയാണ് ജെൻസണെ മരണം കവർന്നത്.