കമ്യൂണിസ്റ്റായ സീതാറാം ഓര്‍മയാകുമ്പോള്‍...
Thursday, September 12, 2024 4:01 PM IST
തന്റെ സൗമ്യമായ പുഞ്ചിരികൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും മനം കവര്‍ന്ന വ്യക്തിയായിരുന്നു സീതാറാം യെച്ചൂരി. രാഷ്ട്രീയത്തിലുപരിയായി വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നതിലും മുന്‍തലമുറക്കാരെ അര്‍ഹിക്കുന്ന തരത്തില്‍ പരിഗണിക്കുന്നതിലും അദ്ദേഹം സദാ ശ്രദ്ധാലുവായിരുന്നു.
സിപിഎം എന്ന കോമ്രേഡ് പാര്‍ട്ടിയില്‍ തുടര്‍ച്ചയായി മൂന്നാമതും ജനറല്‍ സെക്രട്ടറി എത്തിയതിന് പിന്നില്‍ ഈ ഗുണഗണങ്ങളൊക്കെ ആ നേതാവിന് ഉപകാരപ്പെട്ടിരുന്നു. 2015 ഏപ്രിലില്‍ വിശാഖപട്ടണത്ത് ചേര്‍ന്ന 21 ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
2005 മുതല്‍ 2015 വരെ തുടര്‍ച്ചയായി മൂന്ന് തവണ ആ സ്ഥാനം വഹിച്ച പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായിട്ടാണ് യെച്ചൂരി എത്തിയത്. 2018 ഏപ്രില്‍ 18 വരെ ഹൈദരാബാദില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറിയായി. 2022 ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരില്‍ നടന്ന 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം മൂന്നാമതും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി.
1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് അദ്ദേഹത്തിന്റെ ജനനം. ഒരു തെലുങ്ക് കുടുംബത്തിലായിരുന്നു അദ്ദേഹം പിറന്നത്. അദ്ദേഹത്തിന്റെ അച്ഛന് സര്‍വേശ്വര സോമയാജുല യെച്ചൂരിയും അമ്മ കല്പകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു.
പത്താം ക്ലാസ് വരെ ഹൈദരാബാദിലെ ഓള് സെയിന്റ്സ് ഹൈസ്കൂളിലാണ് യെച്ചൂരി പഠിച്ചത്. എന്നാല്‍ 1969ലെ തെലങ്കാന പ്രക്ഷോഭംത്തെ തുടര്‍ന്ന് അദ്ദേഹം ന്യൂഡല്‍ഹിയിലെത്തി.അവിടെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളില്‍ ചേര്‍ന്ന അദ്ദേഹം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി.
തുടര്‍ന്ന് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ ( ഓണേഴ്സ് ), ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഎയും അദ്ദേഹം നേടി. സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിക്കായി ജെഎന്‍യുവില്‍ ചേര്ന്നവെങ്കിലും അടിയന്തരാവസ്ഥയെ തുടര്‍ന്ന് അറസ്റ്റിലാക്കപ്പെട്ടു. ശേഷം പഠനം മുടങ്ങി.
1974-ല്‍ ആണ് യെച്ചൂരി എസ്എഫ്ഐയില്‍ ചേര്‍ന്നത്. 75ല്‍ സിപിഎമ്മിന്റെ ഭാഗമായി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജെഎന്‍യുവില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് യെച്ചൂരി അറസ്റ്റിലായത്. അറസ്റ്റിനുമുമ്പ് അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച് അദ്ദേഹം കുറച്ചുകാലം ഒളിവില്‍ പോയി. അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ജെഎന്‍യുവില്‍ ഇടതുപക്ഷ കോട്ട സൃഷ്ടിക്കുന്നതില്‍ പ്രകാശ് കാരാട്ടിനൊപ്പം യെച്ചൂരി നിര്‍ണായക പങ്കുവഹിച്ചു. 1978ല്‍ എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി പിന്നീട് എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ അല്ലാത്ത എസ്എഫ്ഐയുടെ ആദ്യ പ്രസിഡന്റ് ആണദ്ദേഹം.
1984ല്‍ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1985-ല്‍ പാര്‍ട്ടി ഭരണഘടന പരിഷ്ക്കരിക്കുകയും പൊളിറ്റ് ബ്യൂറോയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് , സുനില്‍ മൊയ്ത്ര, പി. രാമചന്ദ്രന്, എസ്. രാമചന്ദ്രന് പിള്ള എന്നിവരടങ്ങുന്ന അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കുകയുമുണ്ടായി.
1992 മുതല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായി. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു യെച്ചൂരി. മികച്ച ഒരു പാര്ലമെന്റേറിയന് കൂടിയായിരുന്നു അദ്ദേഹം. 1996-ല്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ കരട് തയാാറാക്കിയത് പി. ചിദംബരവും യെച്ചൂരിയും ചേര്‍ന്നായിരുന്നു.
2015 മാര്‍ച്ച് മൂന്നിന് പാര്‍ലമെന്റ് സമ്മേളനത്തില്‍, യെച്ചൂരി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ ഭേദഗതി കൊണ്ടുവന്നു. അത് രാജ്യസഭയില്‍ വോട്ടിലൂടെ പാസാക്കി. ഇത് മോദി സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കി. രാജ്യസഭയുടെ ചരിത്രത്തില്‍ നാലാം തവണയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസാക്കുന്നത്.
പ്രഗത്ഭനായ ഒരു എഴുത്തുകാരന് കൂടിയായിരുന്നു യെച്ചൂരി. മാത്രമല്ല മികച്ച ഒരു കോളം എഴുത്തുകാരനുമായിരുന്നു. എല്ലായ്പ്പോഴും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കായി പോരാടുകയും 'നാനാത്വത്തില്‍ ഏകത്വം' വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അക്രമത്തിനെതിരേ എപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട് യെച്ചൂരി.
പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഭാര്യ. ഇന്ദ്രാണി മജുംദാറിനെ അദ്ദേഹം നേരത്തെ വിവാഹം കഴിച്ചിരുന്നു. അഖില യെച്ചൂരി, പരേതനായ ആശിഷ് യെച്ചൂരി എന്നിവരാണ് മക്കള്‍.