സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത് കുഞ്ചിലെ വീട്ടിലെത്തിക്കും
Friday, September 13, 2024 6:52 AM IST
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡൽഹി വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. നിലവിൽ ഡൽഹി എയിംസിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ശനിയാഴ്ച ഡൽഹി എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പാർട്ടി പ്രവർത്തകരും യെച്ചൂരിക്ക് ഇവിടെ അന്തിമോപചാരമർപ്പിക്കും. തുടർന്ന് മൃതശരീരം മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഡൽഹി എയിംസ് മെഡിക്കൽ കോളജിന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് അദ്ദേഹം രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നതിനിടെ വ്യാഴാഴ്ച 03.05 ന് ആണ് അന്ത്യം സംഭവിച്ചത്.