മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
Friday, September 13, 2024 12:24 PM IST
കൊച്ചി: സിഎ വിദ്യാർഥി മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകി.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
പിറവം സ്വദേശിനിയാണ് മിഷേൽ. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.
മിഷേൽ ജീവനൊടുക്കിയതാണെന്നാണ് ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പിതാവിന്റെ പരാതി.
മിഷേൽ പള്ളിയിലുള്ള സമയം സിസിടിവിയിൽ വ്യക്തമായിട്ടും ഏഴിന് ശേഷമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതെന്ന് എഫ്ഐആറിൽ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും ആരോപണമുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണും ബാഗും ഇതു വരെ കണ്ടെത്താൻ കഴിയാത്തതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.