തിരുവനന്തപുരം വെള്ളറടയിൽ കാട്ടുപന്നികളുടെ വിളയാട്ടം; കടയുടമയ്ക്ക് പരിക്ക്; നിരവധി കടകള്‍ക്ക് കേടുപാട്
Friday, September 13, 2024 12:50 PM IST
തിരുവനന്തപുരം: വെള്ളറടയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെയാണ് കൂട്ടമായി എത്തിയ കാട്ടുപന്നികൾ ആക്രമണമഴിച്ചുവിട്ടത്.
കാട്ടുപന്നികള്‍ ജംഗ്ഷനിലെ റോഡ് മുറിച്ച് കടക്കവേ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറി ഓടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയ പന്നികള്‍ അക്രമാസക്തരായി.
സമീപത്ത് പ്രവര്‍ത്തിക്കുന്ന വിജയ് അക്വേറിയത്തില്‍ കയറിയ കാട്ടുപന്നികള്‍ നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു. തുടർന്ന് വെള്ളറട ജംഗ്ഷനു സമീപമുള്ള കിംഗ്സ് മൊബൈല്‍ ഷോപ്പിൽ കയറിയ കാട്ടുപന്നികൾ കടയുടമ സുധീറിന്റെ കാലിന് കുത്തി പരിക്കേല്പിച്ചു. സുധീറിന്റെ പരിക്ക് സാരമുള്ളതല്ല.
വെള്ളറട കാനയ്ക്കോട് ഭാഗത്ത് നിന്നുമാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വെള്ളറട ജംഗ്ഷനില്‍ എത്തിയത്. മേഖലയില്‍ സമീപകാലത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.