ഒരു പന്തുപോലും എറിയാനായില്ല; അഫ്ഗാന്-കിവീസ് ടെസ്റ്റ് ഉപേക്ഷിച്ചു; ഇന്ത്യയില്‍ 91 വര്‍ഷത്തിനിടെ ആദ്യം
Friday, September 13, 2024 2:09 PM IST
ഗ്രേറ്റര്‍ നോയിഡ: അഫ്ഗാനിസ്ഥാന് - ന്യൂസിഡന്‍ഡ് ടെസ്റ്റ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്പോര്‍ട്സ് കോംപ്ലക്സിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ഏക ടെസ്റ്റാണ് ഉപേക്ഷിച്ചത്.
മഴയെത്തുടർന്ന്, അഞ്ചാം ദിനമായ ഇന്നും ടോസ് പോലും സാധിക്കാതെ വന്നതോടെ അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 91 വർഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, ഏഷ്യൻ മണ്ണിൽ മഴമൂലം ഒരു പന്തു പോലും എറിയാനാകാതെ പൂർണമായും ഉപേക്ഷിക്കുന്ന ആദ്യ മത്സരത്തിന്റെ നാണക്കേടും ഇന്ത്യയ്ക്കായി.
1999ൽ പാക്കിസ്ഥാനിലെ ഫൈലസാബാദിൽ സിംബാബ്വെയ്ക്കെതിരെ ടെസ്റ്റ് മത്സരം ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നെങ്കിലും അത് കനത്ത മഞ്ഞു മൂലമായിരുന്നു.
കനത്ത മഴ ഒരു കാരണമാണെങ്കിലും സംഘാടനത്തിലെ പിടിപ്പുകേടും ഗ്രൗണ്ടിലെ മോശം ഡ്രെയിനേജ് സംവിധാനവുമെല്ലാമാണ് മത്സരം നടത്താൻ നിഷ്പക്ഷ വേദിയൊരുക്കിയ ബിസിസിഐയ്ക്ക് നാണക്കേടുണ്ടാക്കിയത്. ഗ്രേറ്റര്‍ നോയിഡ ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിക്കാണ് ഗ്രൗണ്ടിന്റെ ചുമതലയുള്ളത്.
ആഭ്യന്തര സംഘര്‍ഷം കാരണം അഫ്ഗാനിസ്ഥാനില്‍ കളിക്കാന്‍ ന്യൂസീലന്‍ഡ് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ മത്സരം ഇന്ത്യയിലാക്കിയത്. വർഷങ്ങളായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഗ്രേറ്റർ നോയിഡ സ്റ്റേഡിയത്തിൽ നാലു വർഷത്തിനുശേഷമാണ് ഒരു രാജ്യാന്തര മത്സരം നടക്കുന്നത്.
ആദ്യ ദിവസം മഴമൂലം മത്സരം തടസപ്പെട്ടിരുന്നു. പിന്നീട് മഴ മാറിനിന്നിട്ടും വെള്ളക്കെട്ട് നീക്കി പിച്ച് പൂർണമായും മത്സരസജ്ജമാക്കാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്. പിച്ചും ഔട്ട്ഫീല്‍ഡും മൂടിയിടാന്‍ ഉപയോഗിച്ച കവറുകളും മോശമായതോടെ പിച്ചിലേക്കു വെള്ളമിറങ്ങി.
ഗ്രൗണ്ടിലെ ഈര്‍പ്പം മാറ്റാന്‍ യാതൊരു ആധുനിക സംവിധാനങ്ങളുമില്ലായിരുന്നു. ഫാനും കൃത്രിമ പുല്ലും ഉപയോഗിച്ച് ഈർപ്പം നീക്കാൻ ശ്രമിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഷഹീദ് വിജയ് സിംഗ് പതിക് സ്പോര്‍ട്സ് കോംപ്ലക്സിൽ രാജ്യാന്തര മത്സരങ്ങൾക്ക് ഐസിസി വിലക്കേർപ്പെടുത്താനാണ് സാധ്യത.