ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ആശുപത്രി അധികൃതരുടെ പിഴവെന്ന് കുടുംബം
Friday, September 13, 2024 5:24 PM IST
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചു. ഉണ്ണികുളം സ്വദേശി വിവേകിന്റെ ഭാര്യ അശ്വതിയും ഗർഭസ്ഥശിശുവുമാണ് മരിച്ചത്.
അത്തോളിയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് വ്യാഴാഴ്ച ഇവരുടെ ഗർഭസ്ഥശിശു മരിച്ചിരുന്നു. പിന്നാലെ ഗുരുതരാവസ്ഥയിലായ അമ്മയെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ഇന്ന് വൈകിട്ടോടെ അമ്മ അശ്വതിയും മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചപ്പോൾ തന്നെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും മരിച്ചത്.
ഈ മാസം ഏഴിനാണ് അശ്വതിയെ അത്തോളിയിലെ മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന വരാത്തതിനെ തുടർന്ന് ഇവർക്ക് മരുന്ന് നൽകിയിരുന്നു. എന്നാൽ വേദന ഉണ്ടായെങ്കിലും പ്രസവം നടന്നില്ല.
പിന്നാലെ സിസേറിയൻ ചെയ്യണമെന്ന് ബന്ധുക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാധാരണ നിലയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നാലെയാണ് അശ്വതിയുടെ നില മോശമായത്.