ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; യുവതികൾ പിടിയിൽ
Friday, September 13, 2024 10:01 PM IST
പത്തനംതിട്ട: ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതികൾ പിടിയിൽ. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരാണ് പിടിയിലായത്.
വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്പില്‍ ശാന്തി സാം ആണ് തട്ടിപ്പിന് ഇരയായത്. 49,03,500 രൂപയാണ് ഇവരിൽനിന്ന് പ്രതികൾ തട്ടിയത്.
2023 ജൂണ്‍ മുതല്‍ 2024 ജൂലൈ വരെ പലപ്പോഴായാണ് പണം നൽകിയത്. ഒന്‍പത് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പണം ട്രാൻസ്ഫർചെയ്യിപ്പിച്ചത്.
വാട്ട്സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയുമാണ് ഇവർ പണം തട്ടിയത്. ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേസിൽ പെടാതിരിക്കാൻ പണം നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.