ചൊക്രമുടിയിലെ ഭൂമി കൈയേറ്റം; നടപടി വേണമെന്ന് അന്വേഷണ സംഘം
Friday, September 13, 2024 10:48 PM IST
മൂന്നാർ: ചൊക്രമുടി ഭൂമി കൈയേറ്റത്തിൽ നടന്നത് ആസൂത്രിത ഭൂമികൊള്ളയെന്ന് തെളിയിക്കുന്ന ഐജി സേതുരാമന്റെ റിപ്പോർട്ട് പുറത്ത്. 25 ഏക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമിയാണ് കൈയേറിയതെന്ന് ഐജിയുടെ നേതൃത്വത്തിലുള്ള മൂന്നാർ സ്പെഷ്യൽ ടീമിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൈയേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അനധികൃത നിർമാണം നടത്തിയവർ, കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കൈയേറിയത്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടിയും തെറ്റാണ്. പരിശോധന നടത്താതെ സ്ഥലത്തിന് ഉടുമ്പൻചോല തഹസിൽദാർ നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഒരു കാരണവശാലും നിർമാണ പ്രവൃത്തികൾ അനുവദിക്കാൻ സാധിക്കാത്ത റെഡ് സോൺ ഏരിയായിലാണ് ഭൂമി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കൈയേറ്റവും അനധികൃത നിർമാണവും തടയുന്നതിന് ഉദ്യോഗസ്ഥതലത്തിൽ വീഴ്ചസംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.