മകളുമായി ബൈക്കിൽ പോകുന്നതിനിടെ അപകടം; പിതാവിന് ദാരുണാന്ത്യം
Friday, September 13, 2024 11:54 PM IST
കോട്ടയം: മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം 6.30നു മഞ്ഞാമറ്റം - മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചുണ്ടായ അപകടത്തിൽ അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകൾ മെറിനെ (24) ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലായിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടുവിടാൻ പോകുന്നതിനിടയിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സെബാസ്റ്റ്യൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സീനിയർ എൽഐസി ഏജന്റായിരുന്നു സെബാസ്റ്റ്യൻ. പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്റ്റ്യനാണ് ഭാര്യ. മറ്റു മക്കൾ: മെൽവിൻ, മാഗി.