ടി20 പരമ്പര: രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്
Saturday, September 14, 2024 3:36 AM IST
കാര്‍ഡിഫ്: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണ് ആണ് മത്സരത്തിലെ താരം.
ഓസ്ട്രേലിയ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം ഓരോവര്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ലിംവിഗ്സ്റ്റണും നായകന് ഫില്‍ സാള്‍ട്ടും ജേക്കബ് ബെതലും ആണ് കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി തിളങ്ങിയത്. ലിംവിംഗ്സ്റ്റണ് 87 റണ്‍സും സാള്‍ട്ട് 39 റണ്‍സും ബെതല്‍ 44 റണ്‍സുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മാത്യു ഷോര്‍ട്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. സീന്‍ അബോട്ട് രണ്ട് വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 193 റണ്‍സെടുത്തത്.
ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കാണ് ഓസ്ട്രേലിയയയുടെ ടോപ്സ്കാറര്. 50 റണ്‍സാണ് താരം എടുത്തത്. 42 റണ്‍സെടുത്ത ഇന്ഗ്ലിസും 31 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഓസീസിനായി മികച്ച പ്രകടനം നടത്തി. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 28 റണ്‍സിന് വിജയിച്ചിരുന്നു.